അഞ്ചാമത് ചങ്ങനാശേരി അതിരൂപതാ അസംബ്‌ളി ഒക്ടോബർ 2 മുതൽ 5 വരെ കുന്നന്താനം സീയോൻ ധ്യാനകേന്ദ്രത്തിൽ നടക്കും. തിരുവല്ല മലങ്കര അതിരൂപത ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് ഉദ്‌ഘാടനം നിർവഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. അതിരൂപതയിലെ നാലുലക്ഷം വിശ്വാസികളുടെ അജപാലനസമിതിയുടെ രൂപീകരണം എന്ന നിലയിലുള്ള ഈ മഹായോഗം അതിരൂപതയെയും വിശ്വാസികളെയും സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതും ചരിത്രത്താളുകളിൽ രേഖപ്പെടുന്നതുമാണെന്ന് അതിരൂപതാകേന്ദ്രത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മാർ തോമസ് തറയിൽ അറിയിച്ചു. അതിരൂപതാ വികാരി ജനറാളും ഷംഷാബാദ് രൂപത നിയുക്ത സഹായമെത്രാനുമായ മോൺ. തോമസ് പാടിയത്താണ് ജനറൽ കൺവീനർ. ക്രിസ്തീയവിളി സഭയിലും സമൂഹത്തിലും, കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും എന്നിവയാണ് ഈ മഹായോഗത്തിൻറെ പൊതുവിഷയം. അതിരൂപതയെ മുഴുവൻ പ്രതിനിധീകരിക്കുന്നരീതിയിൽ വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടുന്ന ഇരുനൂറോളംപേർ പങ്കെടുക്കും. ഇതര ക്രൈസതവസഭകളുടെ പ്രതിനിധികളും ഈ ദിവസങ്ങളിൽ ക്ഷണിതാക്കളാണ്.