മുഹമ്മ:137 മത് ചങ്ങനാശേരി അതിരൂപതാദിനത്തിനു മുഹമ്മ സെന്റ് ജോർജ് ഫൊറോനാ ദൈവാലയത്തിൽ തുടക്കംകുറിച്ചു. ഇന്നലെ ഉച്ചയ്ക്ക് നിരണം മാർതോമാ ശ്ലീഹാ പിൽഗ്രിം സെന്ററിൽനിന്നും ആരംഭിച്ച ദീപശിഖാപ്രയാണത്തിന് എടത്വ സെന്റ് ജോർജ് ഫൊറോന, പച്ച-ചെക്കടിക്കാട് ലൂർദ് മാതാ, പുന്നപ്ര മാർ ഗ്രിഗോറിയോസ് എന്നീ ദൈവാലയങ്ങളിൽ സ്വീകരണം നൽകിയപ്പോൾ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദൈവാലയത്തിൽനിന്നും ആരംഭിച്ച അഭിവന്ദ്യ ജോസഫ് പവ്വത്തിൽ പിതാവിന്റെ ഛായാചിത്രത്തിനു പള്ളിക്കൂട്ടുമ്മ ഫാത്തിമ മാതാ, പൊങ്ങ മാർ സ്ലീവാ, പള്ളാത്തുരുത്തി സെന്റ് തോമസ്, കൈതവന ഇമ്മാക്കുലേറ്റ് ഹാർട്ട് എന്നീ ദൈവാലയങ്ങളിൽ സ്വീകരണം നൽകി. ദീപശിഖയും ഛായാചിത്രവും ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ ദൈവാലയത്തിൽ സംഗമിച്ചു. അവിടെനിന്നും തത്തംപള്ളി സെന്റ് മൈക്കിൾസ്, മണ്ണഞ്ചേരി സെന്റ് മേരീസ് എന്നീ പള്ളികളിൽനിന്നും സ്വീകരണം ഏറ്റുവാങ്ങി മുഹമ്മ സെന്റ് ജോർജ് ഫൊറോനാ ദൈവാലയത്തിൽ എത്തിച്ചേർന്നു. തുടർന്ന് ദീപശിഖയും ഛായാചിത്രവും ആഘോഷമായി മുഹമ്മ സെന്റ് ജോർജ് ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു. ശേഷം നടന്ന ആഘോഷപൂർവകമായ റംശാ പ്രാർത്ഥനയ്ക്കു അതിരൂപതാ വികാരി ജനറാൾ പെരിയ ബഹുമാനപ്പെട്ട ജയിംസ് പാലക്കൽ നേതൃത്വം നൽകി. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ റംശാ പ്രാർത്ഥനയ്ക്കിടയിൽ സന്ദേശം നൽകി.