മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണജൂബി
Thursday 15 July 2021
മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണജൂബിലിക്ക് ആദരവര്‍പ്പിച്ച് ചങ്ങനാശേരി അതിരൂപത നടത്തുന്ന അന്താരാഷ്ട്ര വെബിനാര്‍ (2021 ജൂലൈ 12 മുതൽ 20 വരെ) പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി ഉദ്ഘാടനം ചെയ്തു. ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രവീക്ഷണങ്ങളെ അധികരിച്ചാണ് ഒന്‍പതു ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ വെബിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബെനഡിക്ട് പതിനാറാമന്റെ പ്രബോധനത്തിന്റെ സുപ്രധാന വീക്ഷണങ്ങള്‍ മാര്‍ പവ്വത്തില്‍ കേരളസഭയിലും ഭാരത സഭയിലും പ്രയോഗതലത്തിലെത്തിച്ചെന്ന് കര്‍ദിനാള്‍ അനുസ്മരിച്ചു. ദൈവശാസ്ത്രജ്ഞന്റെ മനസും അജപാലകന്റെ ഹൃദയവുമുള്ളവരാണ് ഇരു പിതാക്കന്മാരും. കേവലം സാമൂഹ്യപുരോഗതിയെക്കാള്‍ മാനവരാശിയെ മുഴുവന്‍ ചേര്‍ത്തുനിര്‍ത്തുന്ന കര്‍ത്തൃ ആരാധനയില്‍ കേന്ദ്രീകരിച്ചാണ് ഇരുവരും സഭയെയും സമൂഹത്തെയും പടുത്തുയര്‍ത്തിയത്. സാമൂഹ്യവികസനം സുവിശേഷത്തിലധിഷ്ഠിതമായിരിക്കണമെന്ന മാര്‍ പവ്വത്തിലിന്റെ ചിന്ത കേരളസഭയില്‍ മുഴുവനുള്ളതുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യ മുഴുവന്‍ സുവിശേഷവത്കരണത്തിനുള്ള അനുമതി നല്‍കിയത്. ലൗകികരാകാതെതന്നെ ലോകത്തിന്റെ പ്രശ്‌നങ്ങളെ ദൈവശാസ്ത്രത്തില്‍ സന്നിവേശിപ്പിച്ച് ഉത്തരം തെരഞ്ഞവരാണ് ബെനഡിക്ട് പതിനാറാമനും മാര്‍ പവ്വത്തിലുമെന്നും കര്‍ദിനാള്‍ സാന്ദ്രി കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. മിഷനും ദൈവശാസ്ത്രവും അഭേദ്യമാണെന്ന ബെനഡിക്ട് പതിനാറാമന്റെ വീക്ഷണം മാര്‍ പവ്വത്തിലിന്റെ പ്രവര്‍ത്തനങ്ങളിലുടനീളം കാണാനാകുമെന്ന് മാര്‍ പെരുന്തോട്ടം ചൂണ്ടിക്കാട്ടി. ആദ്യദിനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നിരവധി ബിഷപ്പുമാരും വിവിധ രൂപതകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും അല്മായരും സെമിനാറില്‍ പങ്കെടുത്തു. ലുവൈന്‍ സര്‍വകലാശാലയിലെ അധ്യാപകനായ ലീവെന്‍ ബുവേ ആദ്യദിനത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.