മലയാളികളായ ക്രൈസ്തവ വിശ്വാസികൾക്കു ഇടയില്‍ ശ്രദ്ധ നേടിയ ചങ്ങനാശ്ശേരി അതിരൂപതയിലെ മാധ്യമ പ്രേഷിത വകുപ്പിന്റെ കീഴിലുള്ള മാക് ടിവിയ്ക്കു പിന്നാലെ റേഡിയോയും. മാധ്യമ പ്രേഷിത വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാക് റേഡിയോ നവംബര്‍ 28നു പ്രവര്‍ത്തനം ആരംഭിച്ചു. വൈവിധ്യമാർന്ന ആത്മീയ പരിപാടികളിലൂടെ വിശ്വാസികളെ സഭയോട് ചേർത്തു നിർത്തുകയാണ് ഈ ഓൺലൈൻ റേഡിയോയുടെ ലക്ഷ്യം. ലോകത്തു എവിടെ നിന്നും ഇരുപത്തിനാലു മണിക്കൂറും ലഭിക്കാവുന്ന വിധത്തിലാണ് മാക് റേഡിയോ ഒരുക്കിയിരിക്കുന്നത്. യാമപ്രാർഥനകൾ, സഭാ വാർത്തകൾ, ജപമാല, സഭയിലെ പിതാക്കന്മാർ, ബൈബിൾ തീർത്ഥാടനം, ആരാധനയും ആത്മീയതയും, കുടുംബസ്പന്ദനങ്ങൾ, വിശ്വാസവും യുക്തിയും തുടങ്ങി 15 ൽ ഏറെ ദൈനംദിന-പ്രതിവാര പരിപാടികളും MAAC radio യിലൂടെ ശ്രോതകളിലേക്ക് എത്തുന്നു. MY PARISH എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും https://www.maacradio.in എന്ന വെബ് ലിങ്കിലൂടെയും മാക് റേഡിയോ എല്ലാവരുടെയും വിരൽ തുമ്പിലെത്തും. പ്രഘോഷണം കേൾവിയിലേക്കും കേൾവി വിശ്വാസത്തിലേക്കും എന്ന വി. പൗലോസ് ശ്ലീഹായുടെ ആഹ്വാനമാണ് (റോമ 10:14-17) മാക് റേഡിയോയുടെ വചന അടിസ്ഥാനം. ‘കേൾക്കാം സാക്ഷ്യമാകാം’ എന്നതാണ് മാക് റേഡിയോയുടെ ആപ്തവാക്യം.