സമൂഹത്തെ മൂല്യങ്ങളിൽ വാർത്തെടുക്കുന്നതാകണം മാധ്യമങ്ങൾ: പി. എസ്. ശ്രീധരൻപിള്ള

Monday 13 February 2023

ചങ്ങനാശേരി: സമൂഹത്തിൽ നന്മയുടെ മൂല്യങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നവരാകണം മാധ്യമങ്ങൾ എന്ന് ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിളള പറഞ്ഞു. റേഡിയോ മീഡിയാ വില്ലേജിന്റെ പതിനൊന്നാം വാർഷികവും എന്റെ നാട് നമ്മുടെ റേഡിയോ പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ മനസ്സിലേക്ക് വേഗത്തിൽ കടന്നുചെല്ലാൻ റേഡിയോയ്ക്ക് കഴിയുന്നു. സാധാരണക്കാരനെ അവബോധ മുള്ളവരാക്കാനും റേഡിയോ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സമ്മേളനത്തിൽ അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ. ഹരികുമാർ കോയിക്കൽ എസ് എൻ ഡി പി യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ. ഗിരീഷ് കോനാട്ട് , മീഡിയാ വില്ലേജ് ഡയറക്ടർ വെരി റവ. ഫാ. ആന്റണി എത്തയ്ക്കാട്, സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

എന്റെ നാട് നമ്മുടെ റേഡിയോ പദ്ധതി പ്രകാരം വിവിധ പ്രദേശങ്ങളിൽ റേഡിയോ യുടെ 50 സബ് സ്റ്റേഷനുകൾ സാക്ഷാത്കരിക്കുക, 100 ഓൺലൈൻ ശ്രവണ കൂട്ടായ്മകൾക്ക്  രൂപം നൽകുക, 300 പേർക്ക് റേഡിയോ പ്രക്ഷേപണത്തിൽ പരിശീലനം നൽകുക, നാടിന്റെ വികസന കാര്യങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നിവയാണന്ന് ഡയറക്ടർ ഫാ. ആന്റണി എത്തയ്ക്കാട് അറിയിച്ചു. ഗ്രാമതലങ്ങളിൽ പുതുതായി ആരംഭിയ്ക്കുന്ന റേഡിയോ സബ് സ്റ്റേഷനെ കുറിച്ചും  പരിശീലനപരിപാടികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്കായി 9447968033 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.

 


useful links