കാലഘട്ടം സഭാംഗങ്ങളിൽനിന്നും നിതാന്തജാഗ്രത ആവശ്യപ്പെടുന്നു: മാർ പെരുന്തോട്ടം

Thursday 11 April 2024

 
ചങ്ങനാശ്ശേരി: മുൻകാലങ്ങളേക്കാൾ എല്ലാ മേഖലകളിലും ജാഗ്രത അനിവാര്യമായ കാലഘട്ടത്തിലാണ് സഭാംഗങ്ങൾ ഇന്ന് ജീവിക്കുന്നതെന്നും നിലവിലെ രാഷ്ട്രീയ സാമൂഹികസാഹചര്യങ്ങളെ നിരന്തരം വീക്ഷിക്കുകയും നിതാന്തമായ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന്  അതി രൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു. അതിരൂപതാ പബ്ലിക് റിലേഷൻസ് - ജാഗ്രതാസമിതിയുടെ ഇരുപത്തി യഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങൾ മഹനീയമാണെന്നും അതിരൂപതയ്ക്ക് എല്ലാക്കാലത്തും അഭിമാനകരമാണെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു. കേരളസഭയിൽ ആദ്യമായി രൂപംകൊണ്ട ഔദ്യോഗിക പഠനപ്രതികരണവേദിയായ പബ്ലിക് റിലേഷൻസ് - ജാഗ്രതാസമിതിയുടെ രജതജൂബിലി ഏപ്രിൽ 10  ബുധനാഴ്ച്ച അതിരൂപതാകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അഭി. മെത്രാപ്പോലീത്ത. സമ്മേളന ത്തിൽ അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ അധ്യക്ഷതവഹിച്ചു. അതിരൂപതാ മുൻ സിഞ്ചെള്ളൂസ് ഫാ. ജോസ് പി. കൊട്ടാരം സമിതിയുടെ ആരംഭകാലയനുഭവങ്ങൾ പങ്കുവച്ചു. കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിവികാരി ആർച്ചുപ്രീസ്റ്റ് ഫാ. മാണി പുതിയിടം 'ആധുനിക കാലഘട്ടത്തിൽ സഭ ജാഗ്രത പുലർത്തേണ്ട മേഖലകൾ' എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സ് നയിച്ചു. പബ്ലിക് റിലേഷൻസ് -  ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, അതിരൂപതാ പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, മുൻ പി.ആർ.ഒ. ജെ.സി. മാടപ്പാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, പബ്ലിക് റിലേഷൻസ് - ജാഗ്രതാസമിതി അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് മൂന്നുപറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. 
 
മുൻ പബ്ലിക് റിലേഷൻസ് ഓഫീസേഴ്സ്, ജാഗ്രതാസമിതിയുടെ ആദ്യകാലം മുതൽ ഇപ്പോൾവരെയുള്ള അംഗങ്ങൾ, സംഘടനാപ്രതിനിധികൾ, ഫൊറോനാ കൗൺസിൽ സെക്രട്ടറിമാർ, ഫൊറോനാ ജാഗ്രതാസമിതി കൺവീനർമാർ, പാസ്റ്ററൽ കൗൺസിൽ എക്സിക്യുട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

useful links