മലയാളി മിഷ്ണറി വൈദികനെ ഓഷ്യാനിയയിലെ പാപ്പുവ ന്യൂഗിനിയയിലെ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു

Friday 14 May 2021

മലയാളി മിഷ്ണറി വൈദികനെ ഓഷ്യാനിയയിലെ പാപ്പുവ ന്യൂഗിനിയയിലെ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇടുക്കി ജില്ലയിലെ മേലോരം ഇടവകാംഗമായ ഫാ. സിബി മാത്യൂ പീടികയിലിനെയാണ് പാപ്പുവ ന്യൂഗിനിയയിലെ ഐതാപെ രൂപതയുടെ ബിഷപ്പായി പാപ്പ നിയമിച്ചിരിക്കുന്നത്. ഇന്നു മെയ് 13നാണ് ഇത് സംബന്ധിച്ച നിയമനത്തിന് പാപ്പ അംഗീകാരം നല്‍കിയത്. ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് കോൺഗ്രിഗേഷൻ അംഗമാണ് ഫാ. സിബി. വാനിമോ രൂപതയുടെ വികാരി ജനറലായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. 1952-ല്‍ സ്ഥാപിതമായ ഐതാപെ രൂപതയുടെ ആറാമത്തെ ബിഷപ്പാണ് ഡോ. സിബി മാത്യൂ.

1970 ഡിസംബർ 6 ന് ഇടുക്കി ജില്ലയിലെ പെരുവന്താനത്തിനടുത്തുള്ള മേലോരമില്‍ മാത്യു വർക്കി- അന്നകുട്ടി ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. 1995 ഫെബ്രുവരി 1ന് വൈദികനായി. റാഞ്ചിയില്‍ ദൈവശാസ്ത്ര പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1998ൽ പാപ്പുവ ന്യൂ ഗ്വിനിയയിലെത്തി. വാനിമോ രൂപതയുടെ സെന്റ് ജോൺ വിയാനി രൂപത മൈനർ സെമിനാരിയുടെ റെക്ടറായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. അഞ്ചുവർഷം രൂപതയുടെ വൊക്കേഷണൽ ഡയറക്ടറായി സേവനം ചെയ്തു. 2000 മുതൽ നാലുവർഷം യൂണിവേഴ്‌സൽ ലിവിംഗ് ജപമാല അസോസിയേഷൻ ഓഫ് പാപ്പുവ ന്യൂ ഗിനിയയുടെ ദേശീയ ഡയറക്ടറായിരുന്നു അദ്ദേഹം. 2015 ൽ രൂപതയുടെ സെന്റ് ചാൾസ് ബോറോമിയോ മേജർ സെമിനാരിയിൽ പ്രൊഫസറായി നിയമിതനായി. രൂപത ധനകാര്യ സമിതി അംഗമായും ഇടവക വൈദികനായും കോൺഗ്രിഷേൻ പ്രൊവിൻഷ്യൽ നേതൃ നിരയിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.


useful links