സര്‍ക്കാരിന്റെ ജനദ്രോഹപരമായ മദ്യനയങ്ങള്‍ തിരുത്തണം: കെസിബിസി മദ്യവിരുദ്ധ സമിതി

Wednesday 23 March 2022

സര്‍ക്കാരിന്റെ ജനദ്രോഹപരമായ മദ്യനയങ്ങള്‍ തിരുത്തണമെന്നും മദ്യവ്യാപന നയങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്. പാലാരിവട്ടം പി.ഒ.സി.യില്‍ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ കുത്തൊഴുക്ക് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും പിടിച്ചെടുത്തശേഷം ഇവ എന്തുചെയ്യുന്നു എന്നതിനെക്കുറിച്ചും ജുഡീഷല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം.
 
മദ്യപ്പുഴ ഒഴുക്കി നവകേരളം സൃഷ്ടിക്കാനുള്ള അഭിനവ നവോത്ഥാന നായകരുടെ നീക്കങ്ങള്‍ അപഹാസ്യവും അപലപനീയവുമാണ്. മദ്യവര്‍ജന നയം പ്രസംഗങ്ങളിലും പരസ്യങ്ങളിലും മാത്രമാ യിരിക്കുന്നു. വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കം മദ്യലോബികള്‍ക്കുള്ള സര്‍ക്കാ രിന്റെ സമ്മാനമാണ്. വീര്യംകുറഞ്ഞ ലഹരികള്‍ ക്രമേണ കുടുംബങ്ങളെ ഇല്ലായ്മ ചെയ്യുമെന്നും ഇത് മാനവനാശത്തിന്റെ സൂചനയാണെന്നും സമിതി വിലയിരുത്തി.
 
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടര്‍മാരായ ഫാ. ടി.ജെ. ആന്റണി, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോണ്‍ വടക്കേക്കളം, ഫാ. ചാക്കോ കുടിപ്പറമ്പില്‍, ഫാ. ജേക്കബ് കപ്പലുമാക്കല്‍, സംസ്ഥാന സമിതി അംഗങ്ങളായ തോമസ് മണക്കുന്നേല്‍, ജെസി ഷാജി, അന്തോണിക്കുട്ടി, സി.എക്സ്. ബോണി എന്നിവര്‍ പ്രസംഗിച്ചു.
 

useful links