Diocesan News & Updates

Home / News Detail

വിശുദ്ധ കാര്‍ലോ അക്യുട്ടിസ് ആധുനിക ലോകത്തിന് തിരുത്തല്‍ സന്ദേശം നല്‍കി - മാര്‍ ജോസഫ് പെരുംന്തോട്ടം.

Monday, 12 October 2026
News Image

ചങ്ങനാശേരി: ആധുനിക ലോകത്തിന് തിരുത്തല്‍ സന്ദേശം നല്‍കിയ വിശുദ്ധനാണ് കാര്‍ലോ അക്യുട്ടിസ് എന്ന് മാര്‍ ജോസഫ് പെരുംന്തോട്ടം മെത്രാപ്പോലീത്ത. മീഡിയ അപ്പസ്തൊലേറ്റിന്റെയും യൂത്ത് അപ്പസ്തൊലേറ്റിന്റെയും നേതൃത്വത്തില്‍ യുവദീപ്തി എസ്.എം.വൈ.എം, സി.എസ്.എം, ജീസസ് യൂത്ത് എന്നീ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് വിശുദ്ധ കാര്‍ലോ അക്യുട്ടിസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന കാര്‍ലോ ഫെസ്റ്റില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ നീക്കങ്ങളെ പുനര്‍ചിന്തിപ്പിക്കുവാന്‍ വിശുദ്ധ കാര്‍ലോ അക്യുട്ടിസിന് കഴിഞ്ഞുവെന്നും വിശ്വാസത്തിന്റെ അടിസ്ഥാന സത്യങ്ങൾ മാധ്യമ സാധ്യതകളിലൂടെ അനേകരിലെത്തിച്ച മാധ്യമപ്രഘോഷകനാണ് വി. കാർലോയെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. മീഡിയ വില്ലേജില്‍ തിരുനാളിനോടനുബന്ധിച്ച് സെന്റ് കാര്‍ലോ ഫെസ്റ്റ് 2026 (9 ടൂ 9 മീറ്റ്) നടത്തി. വിശുദ്ധ കാര്‍ലോ അക്യുട്ടിസിന്റെ തിരുശേഷിപ്പ് പൊതു വണക്കത്തിനായി സെന്റര്‍ ഹാളില്‍ പ്രതിഷ്ഠിച്ചു. മാര്‍ ജോസഫ് പെരുംന്തോട്ടം മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. സാവിയോ മാനാട്ട്, ഫാ.ജോഫി പുതുപ്പറമ്പ്, ഫാ. ലിപിൻ തുണ്ടുകളം, ഫാ. ജിന്റോ മുരിയങ്കരി എന്നിവർ സഹകാർമ്മികരായി. വിശുദ്ധ കുര്‍ബാന, ആരാധന, ജപമാല നിര്‍മ്മാണവും പ്രാര്‍ത്ഥനയും, മ്യൂസിക് മിനിസ്ട്രി (ബാന്റ്), കാര്‍ലോ ടോക്ക്, സമുദായ കലാവതരണങ്ങള്‍,വെര്‍ച്വല്‍ റിയാലിറ്റി ഷോ, വിശുദ്ധ കുമ്പസാരം, സിനിമ തീയറ്റര്‍ അനുഭവം, ബ്ലഡ് ഡോണേഷന്‍ തുടങ്ങി വ്യത്യസ്തമായ ആത്മീയനുഭങ്ങളാണ് മീഡിയ വില്ലേജില്‍ ഒരുക്കിയത്. ഒക്ടോബർ 10 ശനിയാഴ്ച്ച വൈകുന്നേരം 7 മുതൽ ഞായറാഴ്ച രാവിലെ 7 വരെ നൈറ്റ് വിജിലും തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയർപ്പണം ചങ്ങനാശ്ശേരി അതിരൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാടച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. ജിമ്മി പടനിലം, ഡോ. ജോർജ്ജ് & മറിയം പടനിലം ചാരിറ്റബിൾ ഫൗണ്ടേഷനാണ് തിരുനാൾ ഏറ്റുകഴിച്ചത്