ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 26-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ ചങ്ങനാശേരി അതിരൂപതയിൽ നിന്നുള്ള അലോന നോജി ലോഗോസ് പ്രതിഭയായി.
നെടുങ്കുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് അലോന. ലോഗോസ് ക്വിസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബി വിഭാഗത്തിലെ ഒരു മത്സരാർഥി ലോഗോസ് പ്രതിഭയാകുന്നത്. കൗമാരക്കാരായ മത്സരാർഥികൾ ഉൾപ്പെടുന്ന വിഭാഗമാണ് ബി വിഭാഗം.
നാലു ലക്ഷത്തി എഴുപതിനായിരം പേർ പങ്കെടുത്ത പരീക്ഷയിൽ 600 പേർ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ റൗണ്ടിലേക്ക് ആറു പേർ യോഗ്യത നേടി. അതിൽ നിന്നും ലോഗോസ് പ്രതിഭയായ അലോന നോജി സ്വർണമെഡലും 1,16,000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കി.
കെ.സി.ബി.സി. ബൈബിൾ സൊസൈറ്റിയാണ് ലോഗോസ് ക്വിസിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നു.