Diocesan News & Updates

Home / News Detail

പാറേൽ ബസിലിക്കയ്ക്ക് പ്രത്യേക സ്മാരക തപാൽ കവർ; പ്രകാശനം നവംബർ 23ന്

Saturday, 21 November 2026
News Image
ചരിത്രപ്രാധാന്യവും ആത്മീയപാരമ്പര്യവും വിളിച്ചോതുന്ന പാറേൽ മർത്തമറിയം ബസിലിക്കയുടെ സ്മരണയ്ക്കായി ഭാരതീയ തപാൽ വകുപ്പ് പ്രത്യേക സ്മാരക തപാൽ കവർ പുറത്തിറക്കുന്നു. ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ടതിന്റെ സ്മരണാർഥമാണ് ഈ പ്രത്യേക തപാൽ കവർ പുറത്തിറക്കുന്നത്.
 
നവംബർ 23ന് വൈകുന്നേരം 5.30ന് പാറേൽ മർത്തമറിയം ബസിലിക്ക അങ്കണത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സ്മാരക തപാൽ കവറിന്റെ പ്രകാശനം നിർവഹിക്കും.
 
സാധാരണ തപാൽ കവറുകളിൽനിന്ന് വ്യത്യസ്തമായി, പരിശുദ്ധ കന്യകാമറിയത്തിന്റെയും മർത്തമറിയം ബസിലിക്കയുടെയും ചിത്രങ്ങളും ചരിത്രപരമായ ലഘുവിവരണങ്ങളും ഉൾക്കൊള്ളുന്നതാണ് പ്രത്യേക സ്മാരക കവർ. 120 വർഷത്തിലേറെ പഴക്കമുള്ള പാറേൽ ദേവാലയത്തിന്റെ ചരിത്രവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന ഈ സംരംഭം വിശ്വാസസമൂഹത്തിനും ചരിത്രസ്നേഹികൾക്കും ഒരുപോലെ പ്രാധാന്യമുള്ളതാണ്.
 
കൊച്ചി സെൻട്രൽ റീജിയൺ പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീമതി ടി. നിർമലാദേവി സ്മാരക തപാൽ കവർ ഔദ്യോഗികമായി പ്രകാശനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ശ്രീ. അപ്പു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ജനപ്രതിനിധികളും സഭാ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വിശ്വാസികളും സംബന്ധിക്കും.
 
ചരിത്രവും വിശ്വാസവും സംസ്കാരവും തപാൽ സ്റ്റാമ്പുകളിലൂടെയും സ്മാരക കവറുകളിലൂടെയും രേഖപ്പെടുത്തുന്ന ഭാരതീയ തപാൽ വകുപ്പിന്റെ ഈ സംരംഭം പാറേൽ ബസിലിക്കയുടെ ചരിത്രപ്രാധാന്യത്തിന് ദേശീയതലത്തിൽ കൂടുതൽ അംഗീകാരം നൽകുന്നതാണ്.