Diocesan News & Updates

Home / News Detail

ലഹരിക്കെതിരെ ‘തൂഫാൻ Pro Max Protection Maximum’

Thursday, 24 September 2026
News Image
വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ‘തൂഫാൻ Pro Max Protection Maximum’ പദ്ധതിക്ക് തുടക്കമായി. ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 65 സ്കൂളുകളിലെ ഏകദേശം 23,000 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികളിൽ ലഹരിക്കെതിരായ അവബോധവും ജാഗ്രതയും വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
 
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം  ആർച്ച്‌ ബിഷപ്പ്   മാർ തോമസ് തറയിൽ വിനു ജോബ് MLAയ്ക്ക് ആദ്യ കത്ത് കൈമാറി നിർവഹിച്ചു. ചടങ്ങിൽ വികാരി ജനറൽ വെരി. റവ. ഫാ. സ്കറിയ കന്യാകോണിൽ, കോർപ്പറേറ്റ് മാനേജർ ഫാ. ആന്റണി മൂലയിൽ, അസിസ്റ്റന്റ് മാനേജർമാരായ ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, ഫാ. സിറിയക് പഴയമഠം എന്നിവർ സന്നിഹിതരായിരുന്നു.
 
അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലഹരിക്കെതിരെ ശക്തമായ പ്രതിരോധ മനോഭാവം വളർത്തുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. സെപ്റ്റംബർ 30ന് കോർപ്പറേറ്റ് മാനേജ്മെന്റിലെ എല്ലാ സ്കൂളുകളിൽ നിന്നും 5 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾ സുഹൃത്തുക്കൾക്ക് കത്തിലൂടെ ലഹരി വിരുദ്ധ സന്ദേശം നൽകും.