ട്രെയിനിങ്‌ സമയത്ത് 55,000 രൂപ സ്‌റ്റൈപൻഡും മറ്റാനുകൂല്യങ്ങളും; ബാർക്കിൽ പരിശീലനം നേടാം, ജോലിയും

Wednesday 01 February 2023

കേന്ദ്ര അണുശക്‌തിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന സയൻസ് / എൻജിനീയറിങ് / ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും 2 സ്‌കീമുകളിൽ അപേക്ഷ ക്ഷണിച്ചു.

1) OCES: ബിടെക് / സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ ഓറിയന്റേഷൻ കോഴ്‌സ്. 50% മാർക്കോടെ കോഴ്സ് പൂർത്തിയാക്കുന്നവരെ സയന്റിഫിക് ഓഫിസർമാരായി നിയമിക്കും. അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിലേക്കും (AERB) നിയോഗിക്കാം. പരിശീലനത്തിൽ നിർദിഷ്ടനിലവാരം പുലർത്തുന്നവർക്കു പിജി ഡിപ്ലോമയും കൂടുതൽ മികവുള്ള ബിടെക്കുകാർക്ക് ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംടെക് / പിഎച്ച്ഡി പഠനത്തിനും അവസരം.

2) DGFS: സിലക്‌ഷൻ–ഇന്റർവ്യൂവിൽ മികവു പുലർത്തുന്ന ബിടെക്കുകാർക്ക് 2 വർഷത്തെ ഡിഎഇ ഗ്രാജ്വേറ്റ് ഫെലോഷിപ് (DGFS). നിർദിഷ്ട സ്ഥാപനങ്ങളിൽ / പ്രോഗ്രാമുകളിൽ എംടെക് പ്രവേശനം േനടിയിരിക്കണം. കോഴ്സ് പൂർത്തിയാക്കുമ്പോൾ സയന്റിഫിക് ഓഫിസറായി നിയമനം. ട്രെയിനിങ്‌ കാലത്ത് ഇരുവിഭാഗക്കാർക്കും 55,000 രൂപ പ്രതിമാസ സ്‌റ്റൈപൻഡും മറ്റു ചില ആനുകൂല്യങ്ങളുമുണ്ട്.

പ്രവേശന യോഗ്യത

ഒൻപത് എൻജിനീയറിങ് ശാഖകളിലൊന്നിൽ 60% മാർക്കോടെ ബിടെക് വേണം. 5 വർഷ ഇന്റഗ്രേറ്റഡ് എംടെക് നേടിയവർക്കും അപേക്ഷിക്കാം. ഫിസിക്സ് ഉൾപ്പെടെ നിർദിഷ്ട വിഷയങ്ങളിൽ എംഎസ്‌സിയുള്ളവർക്കും അവസരമുണ്ട്. പ്രായപരിധിയും പാലിക്കണം. ഫാസ്റ്റ് റിയാക്ടർ ടെക്നോളജി (എം), ഫാസ്റ്റ് റിയാക്ടർ ടെക്നോളജി (ഇ), ക്വാളിറ്റി അഷ്വറൻസ് & ക്വാളിറ്റി കൺട്രോൾ എന്നീ അഡീഷനൽ സ്കീമുകളിലെ പരിശീലനം വേണ്ടവർക്ക് ഏതേതു ശാഖകളിൽ യോഗ്യത വേണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്.

സിലക്‌ഷൻ  എങ്ങനെ ?

രണ്ടു വഴികൾ. ഏതെങ്കിലുമൊന്നോ രണ്ടുമോ സ്വീകരിക്കാം.

(1) ഒൻപത് എൻജിനീയറിങ് ശാഖകളിലും 4 സയൻസ് ശാഖകളിലും ഏപ്രിൽ 1, 2 തീയതികളിൽ നടത്തുന്ന ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്. 

(2) 2022 / 2023 ഗേറ്റ് വഴി. ഏതേതു ഗേറ്റ് പേപ്പർ എന്നു നിർദേശിച്ചിട്ടുണ്ട് മാർച്ച് 24ന് അകം സ്കോർ അപ്‌ലോഡ് ചെയ്യണം. പ്രാഥമിക സിലക്‌ഷനുള്ളവർക്ക് മേയ് 16 മുതൽ ജൂൺ 16 വരെ മുംബൈയിൽ ഇന്റർവ്യൂ. 

ന്യൂക്ലിയർ എൻജിനീയറിങ്ങിന് ഓൺലൈൻ ടെസ്റ്റ് മാത്രം. ‘മുംബൈ സർവകലാശാല ഡിഎഇ–സെന്റർ ഓഫ് എക്സലൻസ് ഇൻ ബേസിക് സയൻസസ്’ (UM-DAE-COS) അഥവാ ഭുവനേശ്വർ നൈസർ നൽകിയ മാസ്റ്റർ ബിരുദം 7.5 / 10 എങ്കിലും ആവറേജോടെ നേടിയവരെ ടെസ്റ്റില്ലാതെ നേരിട്ട് ഇന്റർവ്യൂവിന് അനുവദിക്കും. ജിയോളജിക്കാർക്കു മാത്രം ഹൈദരാബാദിലാണ് ഇന്റർവ്യൂ. മാർച്ച് 2നകം www.barcocesexam.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 


useful links