ഗവേഷണ അസോഷ്യേറ്റ്ഷിപ്പിന് ഓൺലൈൻ അപേക്ഷ സ്വീകരിക്കും

Monday 13 February 2023

ബയോടെക്നോളജി, ജീവശാസ്ത്രശാഖകൾ എന്നിവയിലെ പുതുപുത്തൻ മേഖലകളിലുള്ള ഗവേഷണ അസോഷ്യേറ്റ്ഷിപ്പിന് ഓൺലൈൻ അപേക്ഷ 28 വരെ സ്വീകരിക്കും. ബയോളജി / ബയോടെക്നോളജി മേഖലയിൽ ശക്തമായ ശാസ്ത്രജ്ഞനിര രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിലെ പ്രമുഖ കേന്ദ്രങ്ങളിലും സർവകലാശാലകളിലും ഗവേഷണമാകാം. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയമാണ് സാമ്പത്തികസഹായം നൽകുന്നത്. വെബ് : http://ra.dbtindia.gov.in.

അപേക്ഷകർക്ക് സയൻസ് /എൻജിനീയറിങ് പിഎച്ച്ഡി, അല്ലെങ്കിൽ എംഡി/എംഎസ് യോഗ്യത വേണം. മികച്ച അക്കാദമിക് ചരിത്രവും ഈ മേഖലയിലെ ഗവേഷണത്തിൽ താൽപര്യവുമുണ്ടാകണം. തീസിസ് സമർപ്പിച്ചവരെയും പരിഗണിക്കും.

75 പേർക്കാണ് അവസരം. 47,000 – 54,000 രൂപ പ്രതിമാസ സ്റ്റൈപൻഡും 50,000 രൂപ വാർഷിക കണ്ടിൻജൻസി ഗ്രാന്റും പ്രതീക്ഷിക്കാം. പിഎച്ച്ഡി/എംഡി/എംഎസ് നേടുംവരെ 35,000 രൂപയും. നിരക്കിൽ മാറ്റം വരാം.

ഈ മാസം 28ന് 40 വയസ്സു കവിയരുത്. വനിതകൾക്കു 45 വരെയാകാം. ജോലിയിലിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ സിലക്‌ഷൻ കിട്ടി ഗവേഷണം തുടങ്ങാൻ, നിലവിലെ ജോലി ഉപേക്ഷിക്കണം. ഇന്ത്യയിൽ മാത്രമേ ഗവേഷണം അനുവദിക്കൂ. പിഎച്ച്ഡി, അഥവാ എംഡി/എംഎസ് നേടിയ സ്ഥാപനത്തിൽ പഠനം പാടില്ല. മെന്ററുടെ കീഴിൽ 2 പേർക്കേ ഈ പദ്ധതിയിലെ ഗവേഷണം ചെയ്യാൻ കഴിയൂ. ലബോറട്ടറി ലഭ്യമാണെങ്കിൽ റിട്ടയർ ചെയ്തവർക്കും മെന്ററാകാം.

2 വർഷത്തേക്കാണ് അസോഷ്യേറ്റ്ഷിപ്. പ്രവർത്തനമികവു പരിഗണിച്ച് ഇത് വർഷം തോറും പുതുക്കി, 4 വർഷം വരെ നീട്ടാനും വ്യവസ്ഥയുണ്ട്. റഫറികൾ ശുപാർശക്കത്ത് 28ന് അകം അപ്‌ലോഡ് ചെയ്യണം. ഒരിക്കൽ ഈ ഫെലോഷിപ് വാങ്ങിയവർ വീണ്ടും അപേക്ഷിക്കേണ്ട. പൂർണവിവരങ്ങൾ വെബ് സൈറ്റിൽ.

 


useful links