സയൻസ് വിഷയങ്ങളിൽ സമർഥരാണോ?; പ്ലസ്ടുവിൽ മികച്ച മാർക്കുണ്ടോ; പ്രതിഭാ സ്കോളർഷിപ്പിന് അപേക്ഷിക്കാം

Saturday 21 January 2023

സയൻസ് വിഷയങ്ങളിലെ ഉപരിപഠനഗവേഷണങ്ങളിൽ താൽപര്യവും അഭിരുചിയും ഉള്ള സമർഥരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രതിഭാ സ്കോളർഷിപ് നൽകുന്നു. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 16 വരെ സ്വീകരിക്കും. വെബ്: www.kscste. kerala.gov.in. ഇ–മെയിൽ: prathibhascholars2223@gmail. com. ഫോൺ: 0471 2548208.

സയൻസ് വിഷയങ്ങൾക്കു മാത്രമായും പരീക്ഷയ്ക്കു മൊത്തമായും 90% വീതമെങ്കിലും മാർക്കോടെ കേരള ഹയർ സെക്കൻഡറി ബോർഡിലെ പ്ലസ്‌ ടു  ജയിച്ച് 2022–23 വർഷത്തിൽ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ 3 വർഷ ബാച്‌ലർ ബിരുദത്തിനോ 5 വർഷ ഇന്റഗ്രേറ്റഡ് പിജി ബിരുദത്തിനോ പഠിക്കുന്ന കേരളീയരായിരിക്കണം. പട്ടികവിഭാഗക്കാർക്ക് 80% മാർക്ക് മതി. മറ്റു സ്കോളർഷിപ് വാങ്ങുന്നവരാകരുത്. പ്ലസ്‌ ടുവിനു 4 സയൻസ് വിഷയങ്ങളിൽ നേടിയ ആകെ മാർക്ക് നോക്കിയാണു റാങ്കിങ്.

മാത്തമാറ്റിക്കൽ / ഫിസിക്കൽ / ലൈഫ് സയൻസ് മേഖലകളിൽ സ്കോളർഷിപ്പിന് അർഹതയുള്ള 23 വിഷയങ്ങൾ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. തുടക്കത്തിൽ 3 വർഷത്തേക്കാണു സഹായം. ബിരുദതലത്തിൽ 75% എങ്കിലും മാർക്കോടെ വിജയിക്കുന്നവർക്ക് സഹായം തുടരും. 5 വർഷത്തെ വാർഷിക സ്കോളർഷിപ് യഥാക്രമം 12,000, 18,000, 24,000, 40,000, 60,000 രൂപ. പഠനത്തിൽ ഇടയ്ക്കു ബ്രേക് പാടില്ല.


useful links