*CMAT 2026: എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 17 വരെ അവസരം*

Friday 24 October 2025

*CMAT 2026: എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 17 വരെ അവസരം* രാജ്യത്തെ ആയിരത്തിലധികം മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ എം.ബി.എ. / പി.ജി.ഡി.എം. പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ കോമൺ മാനേജ്‌മെൻ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (CMAT) 2026-27 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നവംബർ 17 ന് രാത്രി 11.50 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷാ ചുമതല നാഷണൽ ടെസ്റ്റിങ് ഏജൻസിക്കാണ് (NTA). വിദ്യാർഥികൾ പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വിജ്ഞാപനം അനുസരിച്ച് പ്രത്യേകം അപേക്ഷിച്ച് അലോട്ട്‌മെന്റ് പ്രക്രിയയിൽ പങ്കെടുക്കേണ്ടതുണ്ട്. *✅ ആർക്കൊക്കെ അപേക്ഷിക്കാം ?* ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് പ്രായപരിധിയില്ലാതെ CMAT-ന് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥികൾക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. *✅ പരീക്ഷാ രീതി* മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും CMAT. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. പരീക്ഷയിൽ ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡാറ്റാ ഇൻ്റർപ്രെട്ടേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹെൻഷൻ, ജനറൽ അവയർനസ്, ഇന്നവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് എന്നീ വിഷയങ്ങളിൽ നിന്ന് 20 വീതം ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്ക് ലഭിക്കുമ്പോൾ, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും. *✅ അപേക്ഷാ ഫീസ്, തിരുത്തലുകൾ* അപേക്ഷാ ഫീസ് ഇപ്രകാരമാണ്: പൊതുവിഭാഗം: 2500 രൂപ പെൺകുട്ടികൾ, ജനറൽ ഇഡബ്ല്യുഎസ്, ഒബിസി (എൻ.സി.എൽ), എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി., തേർഡ് ജൻഡർ: 1250 രൂപ ഫീസ് ഓൺലൈനായി നവംബർ 18ന് രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ നവംബർ 20 മുതൽ 22 വരെ അവസരം ലഭിക്കും. *✅ കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ* രാജ്യത്തുടനീളം 131 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിൽ മുൻഗണനയനുസരിച്ച് നാല് കേന്ദ്രങ്ങൾ വരെ തിരഞ്ഞെടുക്കാം. *കൂടുതൽ വിവരങ്ങൾക്ക്* cmat.nta.nic.in. ഫോൺ: 011 40759000, ഇമെയിൽ: cmat@nta.ac.in