സ്‌കോളര്‍ഷിപ്പ്

Thursday 02 March 2023

മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിയുടെ ഭാഗമായി 2021-22 അക്കാദമിക് വര്‍ഷത്തില്‍ പഠിച്ച അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം 1,000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. വിവിധ വിഷയങ്ങളില്‍ വിജയകരമായി പഠനം പൂര്‍ത്തീകരിച്ച ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ www.dcescholarship.kerala.gov.in വഴി മാര്‍ച്ച് 10 ന് മുമ്പ് അപേക്ഷ നല്‍കണം.

2021-22 അധ്യയനവര്‍ഷം അവസാന വര്‍ഷ ഡിഗ്രി ബിരുദ പരീക്ഷ വിജയിച്ചവരില്‍ നിന്നും ഡിഗ്രിതല പരീക്ഷയില്‍ ലഭിച്ച ആകെ മാര്‍ക്കിന്റെ അടിസ്ഥാന ത്തിലായിരിക്കും അര്‍ഹരെ തെരഞ്ഞെടുക്കുന്നത്. ഡിഗ്രി/തത്തുല്യ കോഴ്സില്‍ റെഗുലറായി കോഴ്സ് പൂര്‍ത്തീകരിച്ചവരില്‍ 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചിരിക്കണം. അതത് സര്‍വകലാശാല നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫോര്‍മുല ഉപയോഗിച്ച് കണക്കാക്കുന്ന ആകെ മാര്‍ക്കിന്റെ ശതമാനമായിരിക്കും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുക.

കേരള, കാലിക്കറ്റ്, കുസാറ്റ്, എം.ജി, കണ്ണൂര്‍, ആരോഗ്യ സര്‍വകലാശാല, വെറ്ററിനറി സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, നുവാല്‍സ്, സംസ്‌കൃത സര്‍വകലാശാല, എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല, കേരള കലാമണ്ഡലം എന്നീ 13 സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വിദ്യാര്‍ഥികളായിരിക്കണം. മെറിറ്റ് അടിസ്ഥാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവരെയാണ് തെരഞ്ഞെടുക്കുക.

ഓരോ സര്‍വകലാശലകളിലെയും ഡിഗ്രി വിഭാഗത്തിലെ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്‌കോളര്‍ഷിപ്പിന്റെ എണ്ണം പരിമിതപ്പെടുത്തും. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. ഓരോ സര്‍വകലാശാലകളിലെയും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ വിഷയാനുസൃതമായി വെവ്വേറെയായിരിക്കും പരിഗണിക്കുന്നത്.

എന്നാല്‍ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഒരു വിഷയത്തിന്റെ വിവിധ സ്‌കീമുകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുന്നത്. ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ നല്‍കുന്ന ഹയര്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികളെ പരിഗണിക്കില്ല.

സര്‍വകലാശാലയിലെ ഗവണ്‍മെന്റ് / എയ്ഡഡ്/ ഓട്ടോണമസ് / സെല്‍ഫ് ഫിനാന്‍സ് കോളജുകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുക. വിദ്യാര്‍ഥികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്, വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനകം ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് മുതലായവ അപേക്ഷിക്കുന്ന സമയത്ത് അപ് ലോഡ് ചെയ്യണം.

അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2306580, 9447096580, 9446780308 


useful links